തോളിൽ വേദന എന്നാൽ തോളിന്റെ ചുറ്റുപാട്, അതിനുള്ളിലെ സന്ധി (joint), പേശികൾ, തന്തികൾ (tendons), ലിഗമെന്റുകൾ എന്നിവയിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ്. ഈ വേദന പലതരത്തിലുള്ളതായിരിക്കും. ചിലപ്പോൾ വളരെ ചെറുതായിരിക്കും അല്ലെങ്കിൽ ശക്തമുള്ള വേദനയുള്ളതും ആവാം.
ഇത്തരത്തിൽ വേദന ഉണ്ടാകുമ്പോൾ, നാം കൈ ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ച്, കൈ മുകളിൽ ഉയർത്തുന്നത്, പുറംവശത്തേക്ക് നീട്ടുന്നത്, അല്ലെങ്കിൽ തിരിക്കുക പോലുള്ള ചലനങ്ങൾ വേദനയെ കൂടുതൽ കടുപ്പിക്കാം. ചിലപ്പോൾ ഈ വേദന കാരണം തോളിന്റെ സ്വാഭാവിക ചലനശേഷി കുറയുകയും അതോടെ നമ്മൾ ചെയ്യുന്ന ദിവസേനത്തെ പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.
തോള് എന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ചലനം വേണ്ടിവരുന്ന സംയുക്തങ്ങളിലൊന്നാണ്. നിരവധി അസ്ഥികൾ, പേശികൾ, ടെൻഡോണുകൾ (പേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ), ലിഗമെൻറുകൾ (അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ) എന്നിവ ചേർന്ന് ഉണ്ടാകുന്നതാണ് തോള്. ഇത്രയും ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അതിൽ ചെറിയ തകരാറുകൾ വന്നാലും വേദന ഉണ്ടാകാം.
ഇതിന്റെ സങ്കീർണ്ണതയെ കുറിച്ച് പറയുമ്പോൾ, ഒരുപാട് കാര്യങ്ങൾ തോൾ വേദനക്ക് കാരണമാകാം — ഉദാഹരണത്തിന്,
- വീഴ്ച മൂലമുണ്ടാകുന്ന മുറിവുകൾ
- ഒരേ ചലനം ആവർത്തിച്ച് ചെയ്യുകയും തോളിന് വിശ്രമം ഇല്ലാതെ വരുകയും ചെയ്യുന്നത് പേശികൾക്കും സന്ധികൾക്കും ക്ഷീണം വരാം.
- വീക്കം (Inflammation)
- സന്ധിവാതം (Arthritis) പോലുള്ള രോഗാവസ്ഥകൾ
തോൾ വേദന (Shoulder Pain) ജീവിതത്തിൽ ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്. നാം ഒരു കായികതാരമായാലും, ഡെസ്ക്ടോപ്പ് ജോലി ചെയ്യുന്ന ആളായാലും , വീട്ടിൽ ജോലി ചെയ്യുന്ന ആളായാലും ഈ വേദന അനുഭവപ്പെടാനുള്ള സാധ്യത ഉണ്ടാവും. അത് നമ്മൾ ദിവസേന ചെയ്യുന്ന ജോലിയെ ബാധിക്കാൻ ഇടയുണ്ട്. ദിവസേന വീട്ടുപണികളോ മറ്റു സാധാരണ പ്രവർത്തനങ്ങളോ ചെയ്യുന്ന ആളായാലും, തോൾ വേദന ജീവിതത്തെ വളരെയധികം ബാധിക്കാറുണ്ട്. കാരണം, നാം കൈ ഉപയോഗിച്ചാണ് ഭൂരിഭാഗം കാര്യങ്ങളും ചെയ്യുന്നത്. അതിനാൽ വേദന തോളിൽ ഉണ്ടാകുമ്പോൾ, നാം കൈ ഉപയോഗിക്കേണ്ട ഓരോ ചെറിയ കാര്യങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നു.
തോൾ വേദനയുടെ പ്രധാന കാരണങ്ങൾ
തോൾ വേദന പലതരം കാരണങ്ങളാൽ ഉണ്ടാവാം . താഴെ പറയുന്നവ ഇതിൽ പ്രധാനപ്പെട്ടവയാണ്:
1. റൊട്ടേറ്റർ കഫ് പരിക്ക് (Rotator Cuff Injury):
റൊട്ടേറ്റർ കഫ് പരിക്ക് അതവ Rotator Cuff Injury പ്രധാനമായും ഉണ്ടാവുന്നത് തോളിന്റെ ചലനങ്ങൾക്ക് സഹായിക്കുന്ന ചെറിയ പേശികളുടെയും ടെൻഡണുകളുടെയും അമിത ഉപയോഗം അല്ലെങ്കിൽ ക്ഷയം മൂലമാണ്. ഇതുമൂലം പ്രത്യേകിച്ച് കൈ ഉയർത്തുമ്പോൾ വേദനയും ബലഹീനതയും ഉണ്ടാവുന്നു
2. ഫ്രോസൺ ഷോൾഡർ (Frozen Shoulder)
തോൾ വേദന വരാനുള്ള മറ്റൊരു കാരണമാണ് ഫ്രോസൺ ഷോൾഡർ. ഈ അവസ്ഥയിൽ തോൾ സന്ധി ദൃഢമാകുന്നു. അതിനാൽ കൈ നീട്ടാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ തുടക്കത്തിൽ വേദനയും പിന്നീട് കാഠിന്യവുമാണ്.
3. ആർത്ത്രൈറ്റിസ് (Arthritis in Shoulder):
ആർത്ത്രൈറ്റിസ് എന്നാൽ തോൾ സന്ധിയിലെ അസ്ഥികൾ ക്ഷയിക്കുന്നത് കൊണ്ടുണ്ടാകുന്ന ഒരു രോഗം ആണ്. തോൾ സന്ധിയിൽ ആർത്ത്രൈറ്റിസ് വന്നാൽ അവിടെ വേദനയും കഠിനതയും ഉണ്ടാവുന്നു. സാധാരണയായി പ്രായം കൂടിയവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
4. ബർസൈറ്റിസ് (Bursitis):
തോൾ സന്ധിയിലെ ചെറിയ ദ്രവപൂരിതമായ സഞ്ചികളിൽ അതവ ബാഴ്സകളിൽ ഉണ്ടാവുന്ന വീക്കത്തിനെയാണ് ബർസൈറ്റിസ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള എല്ലുകളും പേശികളും തമ്മിലുണ്ടാകുന്ന ഉരസൽ കുറക്കാൻ ആണ് ബാഴ്സകൾ സഹായിക്കുന്നത്. കൈ നിവർത്തുമ്പോൾ അല്ലെങ്കിൽ ഉയര്ത്തുമ്പോൾ വേദന, തോളിനുണ്ടാവുന്ന ചെറിയ വീക്കം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങൾ ആണ്
5. ടെൻഡണൈറ്റിസ് (Tendinitis):
പേശി എല്ലിലേക്ക് ചേർന്നിരിക്കുന്ന നാരുകൾ പോലുള്ള ഭാഗത്തിനെയാണ് “ടെൻഡൺ” എന്നുപറയുന്നത്. ആ ഭാഗത്തിനുണ്ടാവുന്ന വീക്കത്തിനെയാണ് ടെൻഡണൈറ്റിസ് എന്നുപറയുന്നത്. ഒരു പ്രവർത്തി (പെയിന്റിംഗ്) ആവർത്തിച്ചു ചെയ്യുന്നത് കൊണ്ട് ടെൻഡണുകളിൽ വീക്കം വരാം. സാധാരണമായി കഠിനജോലി ചെയ്യുന്നവരിലും കായികതാരങ്ങളിലും ആണ് ടെൻഡണൈറ്റിസ് കണ്ടുവരുന്നത്
6. ഡിസ്ലൊക്കേഷൻ അല്ലെങ്കിൽ ഫ്രാക്ചർ (Dislocation or Fracture):
ഡിസ്ലൊക്കേഷൻ അല്ലെങ്കിൽ ഫ്രാക്ചർ എന്ന് പറഞ്ഞാൽ ഒരു അസ്ഥി അതിന്റെ ശരിയായ സ്ഥാനത്തുനിന്ന് മാറിപ്പോകുന്നതോ, അസ്ഥി പൊട്ടുന്നതോ ആയ അവസ്ഥയാണ്. വീഴ്ചയോ ,വാഹനാപകടമോ കായിക അപകടങ്ങളോ എല്ലാം ഡിസ്ലൊക്കേഷൻ അല്ലെങ്കിൽ ഫ്രാക്ചറിന് കാരണമായേക്കാം
7. റൊട്ടേറ്റർ കഫ് ടിയർ (Rotator Cuff Tear):
റൊട്ടേറ്റർ കഫ് ടിയർ എന്നാൽ തോളിന്റെ ചുറ്റും ഉള്ള പ്രധാന പേശികളും ടെൻഡണുകളും പിളർന്നുപോകുന്നത് കൊണ്ടുണ്ടാവുന്ന പരിക്കാണ്. കൈ വളരെ അധികം ഉപയോഗിക്കുന്നതും വീഴ്ച്ച കൊണ്ടും പ്രായാധിക്യവും റൊട്ടേറ്റർ കഫ് ടിയറിന് കാരണമാവാം. തോളിനുണ്ടാവുന്ന ബലഹീനതയും കൈകൾക്കുണ്ടാവുന്ന വേദനയും ഇതിന്റെ ലക്ഷണങ്ങളാണ്.
8. ജീവിത ശൈലി:
ജീവിതശൈലിയുടെ ഭാഗമായുള്ള ചില ശീലങ്ങൾ തോളുവേദനയ്ക്ക് കാരണമാകാം. ഉദാഹരണത്തിന് ഭാരമുള്ള വസ്തുക്കൾ പലതവണ ഉയർത്തുന്നത്, ഒരേ പ്രവർത്തി (പെയിന്റിംഗ് പോലുള്ള ജോലികൾ)ആവർത്തിച്ചു ചെയ്യുന്നത്, കൈയ്ക്ക് വിശ്രമം ഇല്ലാതെ ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഇതിൽ പെടുന്നു.
തോൾ വേദനയുള്ളവർ ശ്രദ്ധിക്കേണ്ടത്:
തോൾവേദന വരുന്നത് എല്ലാവര്ക്കും ഒരേ കാരണം കൊണ്ടായിരിക്കണം എന്നില്ല. ചിലർക്കത് വീഴ്ച മൂലമാണെങ്കിൽ മറ്റുചിലർക്കത് രോഗാവസ്ഥ (ഉദാ: arthritis, tendon പ്രശ്നങ്ങൾ) ആയിരിക്കും. അതുകൊണ്ട് തന്നെ വേദന സ്ഥിരമാകുകയോ, ഇടയ്ക്കിടെ വന്നുപോവുകയോ ചെയ്യുമ്പോൾ, ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ചികിൽസിക്കുന്നത് ഏറ്റവും ഉചിതമാണ്.
തോൾ വേദനയ്ക്ക് ചില സാധാരണമായ കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഇവയാണ്:
- റൊട്ടേറ്റർ കഫ് പരിക്ക് (Rotator Cuff Injury)
- ഫ്രോസൺ ഷോൾഡർ (Frozen Shoulder)
റൊട്ടേറ്റർ കഫ് പരിക്കുകൾ രണ്ടുതരമുണ്ട്:ട്രോമാറ്റിക് പരിക്കും നോൺ-ട്രോമാറ്റിക് പരിക്കും.
1. ട്രോമാറ്റിക് (ആകസ്മികമായ) പരിക്ക്
ട്രോമാറ്റിക് പരിക്ക് എന്നാൽ വീഴ്ച, കായികാപകടം എന്നിങ്ങനെ പെട്ടെന്നുണ്ടാവുന്ന അപകടം മൂലമുണ്ടാകുന്ന പരിക്കുകളാണ്.
ട്രോമാറ്റിക് പരിക്ക് വരാനുള്ള കാരണങ്ങൾ:
- പെട്ടെന്നുള്ള വീഴ്ച
- നിരന്തരം ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നത്
- കായികാഘാതം (സ്പോർട്സ് പരിക്ക്)
ട്രോമാറ്റിക് പരിക്കിന്റെ ലക്ഷണങ്ങൾ:
- പെട്ടെന്ന് തുടങ്ങുന്ന കഠിനമായ വേദന
- കൈ ഉയർത്താൻ കഴിയാതെ പോവുന്നത്
- ശക്തിയില്ലായ്മ, കൈയിൽ ബലം കുറയുന്നത്
2. നോൺ-ട്രോമാറ്റിക് (ആകസ്മികമല്ലാത്ത) പരിക്ക്
നോൺ-ട്രോമാറ്റിക് പരിക്ക് എന്നാൽ പ്രായം കൂടുന്നത് കൊണ്ടും ഒരേ പ്രവർത്തി വീണ്ടും വീണ്ടും ചെയ്യുന്നത് മൂലം കാലക്രമേണ ഉണ്ടാവുന്നതുമായ പരിക്കുകളാണ്.
നോൺ-ട്രോമാറ്റിക് പരിക്ക് വരാനുള്ള കാരണങ്ങൾ:
- പ്രായം കൂടുമ്പോൾ റൊട്ടേറ്റർ കഫ് ഭാഗങ്ങളിൽ ഉണ്ടാവുന്ന ക്ഷയം
- കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങൾ
- ചലനക്കുറവ് മൂലമുണ്ടാകുന്ന മരവിക്കൽ
നോൺ-ട്രോമാറ്റിക്കിന്റെ ലക്ഷണങ്ങൾ:
- നേരിയ രീതിയിൽ തുടങ്ങുന്ന വേദന
- രാത്രിയിൽ, പ്രത്യേകിച്ച് ഉറക്ക സമയത്ത് വേദന കൂടുന്നു.
- തോൾ മരവിക്കുന്നത്
ഫ്രോസൺ ഷോൾഡർ (Frozen Shoulder)
ഫ്രോസൺ ഷോൾഡർ എന്നാൽ പതുക്കെ പുരോഗമിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഈ അവസ്ഥ മൂലം കൈയുടെ ചലനശേഷി ക്രമാതീതമായി കുറയുകയും തോളിൽ വേദനയും കാഠിന്യവും ഒരുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു. മൂന്നു പ്രധാന ഘട്ടങ്ങളായിട്ടാണ് ഈ രോഗാവസ്ഥ വികസിക്കുന്നത്
ഫ്രോസൺ ഷോൾഡർ വരാനുള്ള കാരണങ്ങൾ
- ശസ്ത്രക്രിയയ്ക്ക് ശേഷം അനുഭവപ്പെടുന്ന ചലനക്കുറവ് (e.g. ഹൃദയ ശസ്ത്രക്രിയ, തോളിനോ കൈയിലോ ഓപ്പറേഷൻ)
- വീഴ്ചയോ പരിക്കിനോ ശേഷമുള്ള കൈ ഉപയോഗക്കുറവ്
- പ്രമേഹം (Diabetes)
- പ്രായം (40–60 വയസുകാർക്ക് കൂടുതലായി കാണുന്നു)
- മെനോപ്പോസ് / ഹോർമോൺ മാറ്റങ്ങൾ
ഫ്രോസൺ ഷോൾഡറിന്റെ പ്രധാന ലക്ഷണങ്ങൾ:
- വേദനയും കഠിനതയും
- മരവിക്കൽ (കൈ ചലിപ്പിക്കാൻ കഴിയാത്തത്)
ഫ്രോസൺ ഷോൾഡറിന്റെ ഘട്ടങ്ങൾ (Stages):
മൂന്നു പ്രധാന ഘട്ടങ്ങളായിട്ടാണ് ഫ്രോസൺ ഷോൾഡർ എന്ന രോഗാവസ്ഥ വികസിക്കുന്നത്. ആദ്യഘട്ടം ഫ്രീസിങ് സ്റ്റേജ് എന്നും രണ്ടാമത്തെ ഘട്ടം ഫ്രോസൺ സ്റ്റേജ് എന്നും അവസാനഘട്ടം തവിങ് സ്റ്റേജ് എന്നുമാണ് അറിയപ്പെടുന്നത്
1. ഫ്രീസിങ് സ്റ്റേജ് (ആരംഭഘട്ടം):
ഫ്രോസൺ ഷോൾഡറിന്റെ ആദ്യഘട്ടം “ഫ്രീസിങ് സ്റ്റേജ് ” എന്നാണ് അറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ വേദന പതിയെ പതിയെ കൂടുന്നു. ഈ ഘട്ടത്തിൽ കൈ ഉയർത്തുമ്പോൾ കൂടുതൽ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. വേദന കൂടുന്നതോടെ, ആളുകൾ കൈ കുറച്ച് ഉയർത്താൻ തുടങ്ങുന്നു, അതിനാൽ ചലനശേഷി (movement) കുറയുന്നു.
ഈ ഘട്ടം സാധാരണയായി 6 ആഴ്ച മുതൽ 9 മാസം വരെ നീണ്ടുനിൽക്കാം.
2. ഫ്രോസൺ സ്റ്റേജ് (മദ്ധ്യഘട്ടം):
ഫ്രോസൺ ഷോൾഡറിന്റെ രണ്ടാമത്തെ ഘട്ടമാണ് ഫ്രോസൺ സ്റ്റേജ് . ഈ ഘട്ടത്തിൽ വേദന കുറയാൻ തുടങ്ങും, എന്നാൽ തോൾ കൂടുതൽ മരവിച്ചുപോകുകയും (stiffness). കൈ നീക്കാൻ സാധിക്കാതെ വരികയും, ചലനശേഷി വളരെ കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ ഘട്ടം സാധാരണയായി 4 മാസം മുതൽ 12 മാസം വരെ നീണ്ടുനിൽക്കാം.
3. തവിങ് സ്റ്റേജ് (അവസാനഘട്ടം):
ഫ്രോസൺ ഷോൾഡറിന്റെ അവസാനഘട്ടമാണ് തവിങ് സ്റ്റേജ്. ഈ ഘട്ടത്തിൽ കൈ വേദനയും മരവിക്കലും കുറയുകയും വീണ്ടും സ്വാഭാവികമായി കൈ ചലിപ്പിക്കാനും സാധിക്കുന്നു. ഈ ഘട്ടം സാധാരണയായി 6 മാസം മുതൽ 2 വർഷം വരെ നീളും.
ഫ്രോസൺ ഷോൾഡറിന്റെ സാധ്യത കൂടുതലുള്ളവർ:
- 40–60 വയസ്സുള്ളവർ
- പ്രമേഹരോഗികൾ
- ശസ്ത്രക്രിയക്ക് ശേഷം ചലനം കുറവായവർ
തോൾ വേദന ഒഴിവാക്കാൻ ചില മാർഗങ്ങൾ (Shoulder Pain Prevention):
1. ശരിയായ ശരീരനില (Posture) പാലിക്കുക
തെറ്റായ ശരീരഘടനയിൽ ഇരിയ്ക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ തോളിന് അമിതമായി ഭാരം വരാം. അതിനാൽ, നേരായ രീതിയിൽ ഇരിയാനും, നടക്കാനും, ജോലി ചെയ്യാനും ശ്രദ്ധിക്കുക.
2. ഇടക്കിടെ വിശ്രമം എടുക്കുക
ഒരേ പ്രവർത്തി തുടർച്ചയായി ചെയ്യുന്നത്, ഭാരമേറിയ വസ്തുക്കൾ തോളിലൂടെ ഉയർത്തുന്നത് തുടങ്ങിയവ തോളിൽ അമിത ഭാരം വരുത്തും, ഇവ വേദന, അസ്ഥിപ്രശ്നങ്ങൾ തുടങ്ങിയവക്ക് കാരണമാവുന്നു. അതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഇടക്കിടെ വിശ്രമം എടുക്കുന്നത് നല്ലതായിരിക്കും
3. തോൾ മസിലുകൾ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക
ദിവസവും ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ പേശികൾ ശക്തിയുള്ളതും മൃദുലതയുള്ളതുമാവുന്നു.
4. നേരിയ വേദനയായാലും അവഗണിക്കാതെ ഡോക്ടറുടെ സഹായം തേടുക.
ചെറിയ വേദന വരുമ്പോൾ “താൽക്കാലികം ആണെന്ന്” കരുതി അതിനെ അവഗണിക്കരുത്. പിന്നീടത് വലിയ പ്രശ്നങ്ങൾ ആയേക്കാം അതിനാൽ കൃത്യ സമയത് ഡോക്ടറെ കാണുകയും അനുയോജ്യമായ ചികിത്സാവിധി സ്വീകരിക്കുകയും ചെയ്യുക.
തോൾ വേദന സുഖപ്പെടുത്തുന്നതിൽ ഫിസിയോതെറാപ്പി എത്രത്തോളം സഹായകരമാണ്?
തോൾ വേദനയ്ക്ക് സമയോചിതമായ ചികിത്സ അത്യാവശ്യമാണ്. മിക്കവാറും കേസുകളിൽ ശസ്ത്രക്രിയ ആവശ്യമില്ലാതെ തന്നെ ഫിസിയോതെറാപ്പി വഴി വലിയ മാറ്റങ്ങൾ നേടാം. വേദനയും വീക്കവും കുറയ്ക്കുക, തോൾ സന്ധിയുടെ സ്ഥിരതയും ചലനക്ഷമതയും വീണ്ടെടുക്കുക, ദൈനംദിന പ്രവർത്തനങ്ങളിൽ മടങ്ങിയെത്തുക എന്നിവയ്ക്കെല്ലാം ഫിസിയോതെറാപ്പി നിർണ്ണായകമാണ്. പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ മാർഗനിർദ്ദേശത്തിൽ ചെയ്യുന്ന പ്രത്യേക വ്യായാമങ്ങൾ രോഗിയെ വേഗത്തിൽ സജീവമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ശസ്ത്രക്രിയയ്ക്കുമുമ്പും ശേഷവും ഫിസിയോതെറാപ്പി വളരെ സഹായകരമാണ്, കാരണം ഭാവിയിലുള്ള തോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഫിസിയോതെറാപ്പി സഹായിക്കുന്നു.
ഫിസിയോതെറാപ്പി വഴി കിട്ടുന്ന ഗുണങ്ങൾ:
1. ചലനശേഷി (Range of Motion)മെച്ചപ്പെടുന്നു:
ദിവസവും ലളിതമായ ചലന വ്യായാമങ്ങൾ ചെയ്യുന്നത് ഫ്രോസൺ ഷോൾഡർ പോലുള്ള അവസ്ഥകളിൽ ചലനം നന്നായി മെച്ചപ്പെടുത്താനായി സഹായിക്കുന്നു.
2. പേശിബലം (Strength)വർദ്ധിക്കും:
റോട്ടേറ്റർ കഫ്, ഡൽടോയിഡ് പോലുള്ള പ്രധാന തോളുമാസ്പേശികൾക്ക് വേണ്ടിയുള്ള വ്യായാമങ്ങൾ വഴി പേശികൾ ശക്തമാകുകയും അതിനാൽ ദിവസേനയുള്ള ജോലി ചെയ്യാൻ എളുപ്പമാകുകയും ചെയ്യുന്നു.
3. വേദന കുറയുന്നു:
ഹീറ്റ് തെറാപ്പി, തണുപ്പു ചികിത്സ, ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് വേദന കുറയ്ക്കാൻ കഴിയും.
4. ശരിയായ ശരീരഭാവം (Posture)നിലനിർത്താം:
മോശമായ ശരീരഭാവം (posture) പതുക്കെ ശരിയാക്കാൻ ഫിസിയോതെറാപ്പി സഹായിക്കുന്നു.
5. സാധാരണ ജോലി വീണ്ടും ചെയ്യാൻ കഴിയുന്നു:
കൈ ഉയർത്തുക, വസ്ത്രം ധരിക്കുക, വസ്തുക്കൾ പിടിക്കുക പോലുള്ള ജോലികൾ വീണ്ടും എളുപ്പം ചെയ്യാൻ കഴിയും.
ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയ നിവാരണത്തിനായി വിളിക്കൂ – +91 62354 52323
തോൾ വേദന, റൊട്ടേറ്റർ കഫ് പരിക്ക്, ഫ്രോസൺ ഷോൾഡർ തുടങ്ങിയ അവസ്ഥകൾ മനസ്സിലാക്കുന്നതും, ശരിയായ ചികിത്സ സ്വീകരിക്കുന്നതുമാണ് വേദനരഹിതമായ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള വഴി.
തോൾ വേദന പലർക്കും ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ്. എന്നാൽ റൊട്ടേറ്റർ കഫ് പരിക്ക് (Rotator Cuff Tear), ഫ്രോസൺ ഷോൾഡർ (Frozen Shoulder) പോലുള്ള അവസ്ഥകൾ എങ്ങനെയാണെന്നു മനസ്സിലാകുന്നത് ശരിയായ ചികിത്സ തിരഞ്ഞെടുക്കാൻ സഹായിക്കും. ശരിയായ ചികിത്സയിലൂടെ, ഭൂരിഭാഗം ആളുകൾക്ക് വീണ്ടും, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയുന്നുണ്ട്.